കൊളംബോ: ശ്രീലങ്കൻ തീരത്ത് ഇറേനിയൻ യുദ്ധക്കപ്പലിനു നേരേയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട 45 നാവികരുടെ മൃതദേഹങ്ങൾ ശ്രീലങ്ക ഇന്നലെ ഇറാൻ എംബസിക്കു കൈമാറി.
ഗാലെ തുറമുഖ പോലീസിന്റെ അഭ്യർഥന മാനിച്ചാണ് ചീഫ് മജിസ്ട്രേറ്റ് സമീര ദൊഡംഗൊഡ മൃതദേഹങ്ങൾ വിട്ടുനൽകാൻ കരാപിറ്റിയ നാഷണൽ ഹോസ്പിറ്റൽ ഡയറക്ടർക്ക് ഉത്തരവിട്ടത്.
തെക്കൻ മേഖലയിലെ മത്തല അന്താരാഷ്ട്ര വിമാനത്താവളം വഴി മൃതദേഹങ്ങൾ ഇറാനിലേക്ക് കൊണ്ടുപോകുമെന്നാണ് പ്രതിരോധ മന്ത്രാലയം ഉദ്യോഗസ്ഥർ അറിയിച്ചത്.
ഗാലെയ്ക്കു സമീപം യുഎസ് അന്തർവാഹിനി നടത്തിയ ആക്രമണത്തിലാണ് ഇറേനിയൻ യുദ്ധക്കപ്പൽ ഐറിസ് ദേന മുങ്ങിയത്. സംഭവസ്ഥലത്തുനിന്ന് ആകെ 84 മൃതദേഹങ്ങൾ കണ്ടെടുത്തതായി കഴിഞ്ഞ ബുധനാഴ്ച ശ്രീലങ്ക അറിയിച്ചിരുന്നു.
ഇന്ത്യയിലെ വിശാഖപട്ടണത്തു നടന്ന നാവികസേനാ അഭ്യാസത്തിൽ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്നു കപ്പൽ. ആക്രമണത്തിൽനിന്നു രക്ഷപ്പെട്ട 32 പേരെയും മൃതദേഹങ്ങൾക്കൊപ്പം ആശുപത്രിയിൽ എത്തിച്ചിരുന്നു.
ഇവരെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യുകയും ഗാലെയിലെ കൊഗ്ഗലയിലുള്ള ശ്രീലങ്കൻ വ്യോമസേനാ താവളത്തിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.